Image

സുഭാഷ് പാര്‍ക്ക് വൈകുന്നേരങ്ങളിലെ കടലുകള്‍ 2

ഒന്നാം ഭാഗം വായിക്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക

 

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ വിദ്യാഭ്യാസവും ജീവിതവും കരുപ്പിടിപ്പിച്ച എറണാകുളം നഗരത്തിലെ കാഴ്ചകളും അനുഭവങ്ങളും കെ.കെ.ബാബുരാജ് എഴുതുന്നു. 
(മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചത്. മാധ്യമത്തിനോടു കടപ്പാട്.)

 

ഈ ഘട്ടത്തിൽ മുതിർന്ന ക്ലാസുകളിലെ ചില പ്രത്യേക വ്യക്തികളുമായി ഞാൻ ബന്ധം സ്ഥാപിച്ചു. ഇന്ന് ‘അനാർക്കിസ്റ്റുകൾ’ എന്നൊക്കെ വിളിക്കപ്പെടുന്ന, അക്കാലത്തെ സബ്കൾച്ചറുകളുടെ ഭാഗമായിരുന്നു അവർ. ഇവരുമായുള്ള സഹവാസത്തിലൂടെ പട്ടച്ചാരായവും മയക്കുമരുന്നും ഉപയോഗിക്കാൻ ആരംഭിച്ചു. രാവിലെ രണ്ടോ മൂന്നോ കട്ടൻചായ കുടിക്കുന്ന പതിവ് വിട്ട് കാരിക്കാമുറിയിലെ ചാരായ ഷാപ്പിൽ ചെന്ന് ഇരുന്നൂറ് മില്ലി അടിച്ചുകൊണ്ട് ദിവസത്തിന് തുടക്കം കുറിക്കുക എന്നതായി മാറി ശീലം. ഇതിനൊപ്പം കടുത്ത പുകവലിയും തുടങ്ങി.

കേരളത്തിലെ ഇടതുപൊതുബോധം കരുതുന്നതു പോലെ ‘മുതലാളിത്ത ജീർണത’യുടെ ഉൽപന്നമാണ് മേൽപ്പറഞ്ഞ പോലുള്ള ഉപസംസ്കാരങ്ങൾ എന്നു വിചാരിക്കുന്നില്ല. എന്നാൽ അതിനെ കാൽപനികവത്കരിക്കാനോ കൗതുകമായി പുനർനിർമ്മിക്കാനോ താൽപര്യവുമില്ല. ഏതായാലും, ബിരുദപഠനകാലത്തെ ആദ്യത്തെ ഒന്നരവർഷത്തിനിടയിൽ ഞാൻ ഇത്തരം ജീവിതത്തിൽ നിന്നും പതുക്കെ പിൻവലിഞ്ഞു. ഈ ബന്ധവിച്ഛേദനം പഠിപ്പിലേക്ക് കൂടുതൽ ശ്രദ്ധിക്കുക എന്നതിലേക്കല്ല, മറിച്ച്, വായനയുടെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനും കാമ്പസ് വിട്ടുള്ള അലഞ്ഞുതിരിയൽ ജീവിതത്തിലേക്കുമാണ് എത്തിച്ചത്.
ജനകീയ സാംസ്കാരിക വേദിയുടെ തകർച്ചക്കു ശേഷം, കേരളത്തിൽ കവിയരങ്ങുകളുടെയും ചെറുകിട നാടക സംഘങ്ങളുടെയും സമാന്തര മാസിക–സിനിമ പ്രവർത്തനങ്ങളുടെയും കുത്തൊഴുക്കാണ് ഉണ്ടായത്. ഇത്തരം ആക്ടിവിസങ്ങളിൽ എങ്ങനെയൊക്കെയോ ഞാനും പങ്കാളിയായി മാറി.

ഈ അവസരത്തിലാണ് ഷെൽവിയും മോഹൻദാസുമായി ചേർന്ന് ഗുരുവായൂർ കേന്ദ്രമായി ‘ശിഖ’ എന്ന പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങിയത്. ആദ്യത്തെ അഞ്ച് പുസ്തകങ്ങൾക്ക് ശേഷം ഞാനതിൽ നിന്നും വിട്ടുപോന്നു. കുറെ നാളുകൾക്ക് ശേഷം, ഹേഗിലെ ‘നവംബർ ബുക്സ്’ എന്ന സ്ഥാപനം തുടങ്ങേണ്ടി വന്നു. അതിനെപറ്റി ‘അപര മഹാരാജാസുകൾ’ എന്ന ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളതിൽ ഇവിടെ ആവർത്തിക്കുന്നില്ല. എന്നാൽ, നവംബർ ബുക്സിന്‍റെ അന്ത്യത്തെപ്പറ്റി ഇവിടെ പറയാമെന്നു വിചാരിക്കുന്നു.
പുസ്തകങ്ങളുടെ പ്രസ് ജോലികൾ ചെയ്യുന്നതിനു വേണ്ടി കോട്ടയം മെഡിക്കൽ കോളജിനടുത്ത് ഒരു മുറി ഞാൻ വാടകയ്ക്ക് എടുത്തിരുന്നു. എറണാകുളത്തെ ഹോസ്റ്റൽ മുറിയിലും ഈ ലോഡ്ജിലും നിരവധി സുഹൃത്തുക്കൾക്കൊപ്പം ജോൺ എബ്രഹാമിനെ പോലുള്ളവരും ഇടക്കിടക്ക് വരുമായിരുന്നു. എ. അയ്യപ്പൻ കേരളത്തിലെ കവിതാസ്വാദകർക്കിടയിൽ മറ്റൊരു ലഹരിയായി മാറുന്നതിനു മുമ്പ് അദ്ദേഹവും എത്തുമായിരുന്നു.

വലിയ ഇടവേളകളില്ലാതെ, നവംബർ ബുക്സ് തുടർച്ചയായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ അവസാനത്തേത് ടി.എം. എബ്രഹാം വിവർത്തനം ചെയ്ത ആൽബേർ കാമുവിന്‍റെ ‘കലിഗുല’ എന്ന നാടകമാണ്. ഇതോടെ ആകെ കടത്തിൽ മുങ്ങിയിരുന്നു ഞാൻ. എങ്കിലും, ആവേശപൂർവം വായിച്ച, ആമോസ് ടടൂള എന്ന ആഫ്രിക്കൻ എഴുത്തുകാരന്‍റെ ‘പാം വൈൻ ഡ്രങ്കാഡ്’ എന്ന നോവൽ തുടർന്നു പ്രസിദ്ധീകരിക്കാനുള്ള ശ്രമമാരംഭിച്ചു. പട്ടാമ്പിയിലുള്ള സുഹൃത്ത് സുബ്രഹ്മണ്യം അത് പരിഭാഷപ്പെടുത്തി ഏൽപ്പിച്ചിരുന്നു. നവംബർ ബുക്സിനെ എപ്പോഴും സാമ്പത്തികമായി സഹായിച്ചിരുന്ന പ്രിയ സുഹൃത്ത് പി.പി. രാജു; അദ്ദേഹത്തിന്‍റെ മാല പണയം വെച്ചു നൽകിയ പണവും മറ്റു വിധത്തിൽ സംഘടിപ്പിച്ച തുകയുമായി ഞാൻ ആർപ്പൂക്കരയിൽ എത്തിയപ്പോൾ, എ. അയ്യപ്പനും അവിടെ വന്നുചേർന്നു. കൈയെഴുത്തു പ്രതിയിൽ അത്യാവശ്യം വേണ്ട തിരുത്തലുകൾ നടത്തിക്കൊണ്ടിരുന്ന മൂന്നുനാല് ദിവസംകൊണ്ട് അയ്യപ്പൻ മേശവലുപ്പിലുണ്ടായിരുന്ന മുഴുവൻ പണവും എടുത്തുകൊണ്ടുപോയി കുടിച്ചു തീർത്തു. അദ്ദേഹത്തെ തടയാനുള്ള ശേഷി എനിക്ക് ഇല്ലായിരുന്നു. ഇനിയും കടം മേടിച്ച് പുസ്തകം ഇറക്കാൻ ഒരു സാധ്യതയുമില്ലാത്തതിനാൽ നവംബർ ബുക്സിന്‍റെ ഓഫീസ് ‘സീഡിയൻ’ എന്ന ദലിത് മാസികയുടെ പ്രവർത്തകർക്ക് വിട്ടുകൊടുത്തിട്ട് ഞാൻ മഹാരാജാസിലേക്ക് തിരികെ പോന്നു.
പിന്നീട്, കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ താമസത്തിനിടയിൽ പരിചയപ്പെട്ട ലീലാകൃഷ്ണന്‍റെയും അദ്ദേഹത്തിന്‍റെ സഹോദരനായ ജെ.എം. ജയചന്ദ്രന്‍റെയും സഹായത്തോടെ കെ.കെ. കൊച്ചിന്‍റെ ‘കലാപവും സംസ്കാരവും’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ട് നവംബർ ബുക്സിന് തിരശ്ശീലയിട്ടു. ഇതേ കാലത്തു തന്നെ എ. അയ്യപ്പനോടുള്ള വ്യക്തിപരമായ സഹവാസം അവസാനിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മദ്യപാനത്തോടും മറ്റും പൊരുത്തപ്പെടാത്തതിനാലല്ല, മറിച്ച് സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളല്ലെന്ന് ബോധ്യപ്പെട്ടതാണ് കാരണം.

നഗരപ്രാന്തങ്ങൾ; സാംസ്കാരിക ഇടങ്ങൾ

മഴ പെയ്താൽ നഗരത്തിലെ അഴുക്കു മുഴുവൻ അടിഞ്ഞു കൂടുന്നതും മുകളിൽ നിന്നും നോക്കുമ്പോൾ കാണുന്നതുമാണ് ഞങ്ങളുടെ വീടുകൾ എന്ന് സിനിമാ നടനായ വിനായകൻ ഒരു അഭിമുഖ സംഭാഷണത്തിൽ പറയുകയുണ്ടായി. എറണാകുളത്തെ ദലിത് ജീവിതാവസ്ഥകളെ പറ്റിയുള്ള ഒരു നേർക്കാഴ്ചയാണിത്.
എറണാകുളം നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലും ഒട്ടനവധി ദ്വീപുകളിലും തുരുത്തുകളിലും വലിയൊരു കീഴാള ബഹുജന സഞ്ചയമാണുള്ളത്. ദലിതർ, ലാറ്റിൻക്രൈസ്തവർ, മുസ്ലിംകൾ, ധീവരർ, വിശ്വകർമജർ, ആംഗ്ലോ ഇന്ത്യൻസ്, കുടുംബികൾ മുതലായ സമുദായങ്ങളുടെ ജീവിത ചുറ്റുപാടുകൾ വിനായകൻ പറഞ്ഞതിൽ നിന്നും അധികം വ്യത്യസ്തമല്ല. കൃഷിപ്പണി, മീൻപിടിത്തം, തെങ്ങുകയറ്റം, കക്കവാരൽ, ചെറുകിട കച്ചവടം, മൺപാത്രനിർമ്മാണം, ചുമട്ടുതൊഴിൽ, നഗരത്തിലെ ഷോപ്പുകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്ന സ്ത്രീപുരുഷന്മാർക്കൊപ്പം സമ്പന്ന കുടുംബങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകളും ശുചീകരണ തൊഴിലാളികളും ഇത്തരം സമുദായങ്ങളിൽനിന്നുമാണ് കൂടുതലും വരുന്നത്.

ദലിതർ പോലുള്ള സമുദായങ്ങളാണ് ഏറ്റവും പിന്നാക്കം നിൽക്കുന്നതെങ്കിലും, സാമാന്യം മെച്ചപ്പെട്ട സാമ്പത്തിക നിലയും സാമൂഹിക പദവിയും മറ്റു പല പ്രദേശങ്ങളെ അപേക്ഷിച്ച് ഈ സമുദായത്തിന് നേരത്തേ തന്നെ ഉണ്ടായി എന്നത് വാസ്തവമാണ്. പോർട്ട് ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങളിലും വിവിധ ഫാക്ടറികളിലും കേന്ദ്ര–സംസ്ഥാന സർക്കാർ വകുപ്പുകളിലും ജോലി നേടാൻ പര്യാപ്തമായ വിധത്തിൽ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞതിന്‍റെ ഫലമാണിത്. എറണാകുളത്തെ ദലിതരിൽ നിന്ന് സാമൂഹിക വിപ്ലവസമരങ്ങളിൽ ഇടപെട്ടവർ പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതലേ ഉണ്ടായിരുന്നു. കൃഷ്ണാദിയാശാൻ, പി.സി. ചാഞ്ചൻ, ചോദി ചാത്തൻ, കെ.പി. വള്ളോൻ മുതലായ സമുദായ നേതൃത്വങ്ങൾക്കൊപ്പം ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ദലിത് സ്ത്രീയായ ദാക്ഷായണി വേലായുധൻ പോലുള്ളവരുടെ പ്രവർത്തനങ്ങളും ദലിതരുടെ സാമൂഹിക നില ഉയരാൻ കാരണമായി.

ധീവരിൽ എന്നും ഉയർന്നുവന്ന സാമൂഹിക വിപ്ലവകാരിയും സാഹിത്യകാരനുമായ പണ്ഡിറ്റ് കറുപ്പൻ സ്വസമുദായത്തിന്‍റെ ഉന്നമനത്തിനൊപ്പം, ഇതര കീഴാള സമുദായങ്ങൾക്ക് വേണ്ടിയും ജീവിതം ഉഴിഞ്ഞുവെച്ച മഹനീയ വ്യക്തിത്വമാണ്. കൊച്ചിയിൽ നടന്ന മഹത്തായ കായൽ സമരത്തിൽ അദ്ദേഹത്തിന്‍റെ ഉപദേശവും നിർദ്ദേശങ്ങളുമുണ്ടായിരുന്നു എന്ന കാര്യം പ്രസിദ്ധമാണല്ലോ. ധീവര സമുദായത്തിൽ നിന്നുതന്നെയുള്ള പി.കെ. ധീവരുടെ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. കൊടുങ്ങല്ലൂർ കേന്ദ്രമായി രൂപവത്കരിക്കപ്പെട്ട ‘മുസ്ലിം ഐക്യപ്രസ്ഥാന’ത്തിന്‍റെ നേതാവായിരുന്ന കുഞ്ഞു മുഹമ്മദ് ഹാജിയെ പോലുള്ളവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട നിരവധി മുസ്ലിം പരിഷ്കരണവാദികളും സാമൂഹിക വിപ്ലവകാരികളും വൈപ്പിൻ, എടവനക്കാട് മേഖലകളിലുണ്ടായിരുന്നു. ലാറ്റിൻ ക്രൈസ്തവരിൽ നിന്ന് ഇതേ നിലയിൽ വന്ന അബ്രഹാം മാടമാക്കന്‍റെ പ്രദേശം മുളവുകാടാണ്. പരവ സമുദായത്തിൽ നിന്ന് ആദ്യമായി കൊച്ചി നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട കെ. കൊച്ചുകുട്ടൻ എം.എൽ.സി.യുടെ പേരും എടുത്തുപറയേണ്ടതാണ്. വരേണ്യനേതൃത്വം പിടുമുറുക്കുന്നതിന് മുമ്പ് എസ്.എൻ.ഡി.പി. പ്രസ്ഥാനത്തിൽ ശക്തമായൊരു അവർണപക്ഷവും കണയന്നൂർ താലൂക്ക് കേന്ദ്രമായി ഉണ്ടായിരുന്നു. സ്വദേശം കണ്ണൂരാണെങ്കിലും, വൈപ്പിൻ പോലുള്ള സ്ഥലങ്ങളിൽ നിരവധി അയിത്തവിരുദ്ധ സമരങ്ങൾക്ക് സ്വാമി ആനന്ദതീർഥൻ നേതൃത്വം കൊടുക്കുകയുണ്ടായി. 

കേരളത്തിൽ ഇടത് –വലത് വേർതിരിവുകളോടെ ഒരു രാഷ്ട്രീയ സമൂഹം രൂപപ്പെടുന്നതിനു മുമ്പ്, കീഴാള സമുദായങ്ങളെയും പ്രാദേശിക ഇടങ്ങളെയും കേന്ദ്രീകരിച്ചു നടന്ന സാമൂഹിക വിപ്ലവസമരങ്ങളുടെയും ആശയരൂപവത്കരണങ്ങളുടെയും തുടർച്ചയിൽനിന്നുമാണ് എൺപത് – തൊണ്ണൂറുകളിൽ എറണാകുളത്ത് പുതിയൊരു ബഹുജന രാഷ്ട്രീയ മുന്നേറ്റം രൂപപ്പെട്ടത്. കേരളത്തിലെ സിവിൽ സമുദായസമരങ്ങൾക്ക് ഗതിമാറ്റം വരുത്തിയ വൈപ്പിൻ വിഷമദ്യവിരുദ്ധ സമരം, നിരവധിയായ ജപ്തി വിരുദ്ധ സമരങ്ങൾ, കുടിവെള്ളത്തിനു വേണ്ടിയുള്ള സമരങ്ങൾ, അന്യായമായ കുടിയിറക്കങ്ങൾക്കും മലിനീകരണത്തിനും എതിരെയുള്ള സമരങ്ങൾ, താപവൈദ്യുതനിലയത്തിന് എതിരെയുള്ള സമരം എന്നിവക്കൊപ്പം സി.പി.എം (എം.എൽ) പ്രസ്ഥാനത്തിന്‍റെ ബഹുജന രാഷ്ട്രീയലൈനും നിരവധി ദലിത് മൂവ്മെൻറുകളും മണ്ഡൽ കമ്മീഷനു വേണ്ടിയുള്ള പ്രക്ഷോഭ മുന്നണിയും, ദലിത് – പിന്നാക്ക ന്യൂനപക്ഷ ഐക്യം പ്രമേയമാക്കിയ രാഷ്ട്രീയ ചലനങ്ങളും, മഅ്ദനിയെപ്പോലുള്ളവരുടെ ന്യൂനപക്ഷ–അവർണ രാഷ്ട്രീയത്തിനും വേദിയായി മാറി എറണാകുളം നഗരവും അതിന്‍റെ പ്രാന്തപ്രദേശങ്ങളും. വൈപ്പിൻ, എടവനക്കാട്ട്, ഏലൂർ, തൃപ്പൂണിത്തുറ, കുമ്പളങ്ങി, തമ്മനം, ചെല്ലാനം, കളമശ്ശേരി, ഫോർട്ടുകൊച്ചി, ആലുവ, മട്ടാഞ്ചേരി തുടങ്ങി എറണാകുളം നഗരത്തിന്‍റെ പ്രാന്ത പ്രദേശങ്ങളിലുള്ള അവർണരും സവർണരുമായ നിരവധി സുഹൃത്തുക്കളുടെ വീടുകളിൽ ഞാൻ തങ്ങിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത്തരം സഹജീവനങ്ങൾ ‘ജാതി’യെയും ‘സാമുദായികത’യെയും മനസ്സിലാക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്‍റെ ഭാഗമായിരുന്നു.

മഴക്കാലം, നഗരത്തിലെ സമ്പന്നർക്കും ഉയർന്ന മധ്യവർഗത്തിനും പ്രശ്നകരമല്ലെങ്കിൽ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന കീഴാളരെ സംബന്ധിച്ച് അത് പരീക്ഷണഘട്ടമാണ്. മിക്കവാറും വീടുകൾക്ക് അകത്തേക്ക് വെള്ളംകയറി നഗരത്തിലെ അഴുക്കുകൾ മുഴുവൻ നിറയും. എറണാകുളത്തെ കൊതുകുകടി ലോകപ്രശസ്തമാണല്ലോ. അതിന്‍റെ ഒപ്പം പാമ്പുകളും മറ്റിഴജന്തുക്കളും പെരുകും. നഗരത്തിന്‍റെ നടുവിലാണ് ന്യൂ ഹോസ്റ്റൽ. അതിന്‍റെ താഴത്തെ നിലയിലുള്ള മുറികൾ പലതും മഴക്കാലത്ത് വെള്ളത്തിൽ മുങ്ങും. വരാൽ, മുഷി, കാരി, ചെമ്പല്ലി മുതലായ മീനുകൾ അകത്തേക്കു വരെ തത്തിക്കയറി എത്തും. മഴക്കാലത്ത്, ഹോസ്റ്റലിൽ താമസക്കാരായ വിദ്യാർത്ഥികൾ മഹാരാജാസ് ഗ്രൗണ്ടിലും മറ്റ് താഴ്ന്ന പ്രദേശങ്ങളിലുമുള്ള പച്ചത്തവളകളെ ചാക്ക് കണക്കിന് പിടിച്ചുകൊണ്ടുവന്ന് പാകം ചെയ്ത് ചാരായവും കൂട്ടി കഴിക്കുക പതിവാണ്.

എറണാകുളത്തെ കാമ്പസുകളിലെ കീഴാള പെൺകുട്ടികളുടെ വ്യക്തിത്വത്തെപ്പറ്റി എടുത്തുപറയേണ്ടതുണ്ട്. തുല്യത സ്വന്തം നിലയിൽ സ്ഥാപിച്ചിട്ടുള്ളവരും ആരോടും തർക്കിക്കാൻ മടിയില്ലാത്തവരും സ്വന്തം പ്രണയവും കലഹവും അടക്കമുള്ള കാര്യങ്ങളെ പറ്റി വീട്ടുകാരോടും സുഹൃത്തുക്കളോടും തുറന്നു സംസാരിക്കുകയും ചെയ്യുന്ന കീഴാള പെൺകുട്ടികൾ അന്നും ഇന്നും മഹാരാജാസ് കോളേജിന്‍റെ സവിശേഷതയാണ്. കുറച്ചുനാളത്തെ ‘അരാജകത്വ’ത്തിന് ശേഷം ഇടതുപക്ഷ ഇതരമായ ഒരു ജീവിതമാണ് ഞാൻ നയിച്ചതെന്ന് സൂചിപ്പിച്ചിരുന്നല്ലോ. ഇതിന്‍റെ  ഭാഗമായി ചില പുത്തൻ സാംസ്കാരിക ഇടപെടലുകളും സമരങ്ങളും നടത്തുന്ന ഒരു ചെറുഗ്രൂപ്പായി ഞങ്ങൾ കുറച്ചു വിദ്യാർത്ഥികൾ മാറി. അതൊരു ആൺസംഘം മാത്രമായിരുന്നില്ല. എല്ലാ കാര്യത്തിലും മുന്നിട്ടു നിൽക്കുകയും ഉറ്റ സൗഹൃദം പുലർത്തുന്നവരുമായ കുറച്ചു പെൺകുട്ടികളും അതിലുണ്ടായിരുന്നു. ഇവരിൽ പലരുടെയും വീടുകളിൽ ഞാൻ പോകുമായിരുന്നു. ഒരു പക്ഷേ എസ്.എഫ്. ഐക്കാരുടെ മർദ്ദനം വീണ്ടും ഉണ്ടാവാത്തതിന് കാരണം, ഈ പെൺകുട്ടികളുടെ തന്‍റേടവും സാന്നിധ്യവും നൽകിയ പ്രതിരോധംമൂലമാണെന്ന് പറയാം.

മഹാരാജാസിന്‍റെ മറ്റൊരു പ്രത്യേകത, ലക്ഷദ്വീപിൽ നിന്ന് വരുന്ന ഒരുപാട് കുട്ടികളും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് വരുന്ന നിരവധി ‘ബ്ലൈൻഡ്’ വിദ്യാർഥികളും ഉണ്ടാവും എന്നതാണ്. ഇടുക്കി പോലുള്ള സമീപ ജില്ലകളിൽ നിന്ന് നിരവധി ആദിവാസികളും ദലിത് ക്രൈസ്തവരുമായ കുട്ടികൾ മഹാരാജാസിൽ എത്തിയിരുന്നു. എന്‍റെ എക്കാലത്തെയും ഉറ്റ സുഹൃത്തുക്കൾ ഇവരായിരുന്നു. ഇടുക്കിയിൽനിന്ന് വരുന്ന ആദിവാസി വിദ്യാർത്ഥികളിൽ പലരും ഇതര കീഴാള വിദ്യാർത്ഥികളെ അപേക്ഷിച്ച് സമ്പത്തിലും ശരീരഭാഷയിലും അൽപം ‘അധികത്വം’ ഉള്ളവരാണ്. സൗന്ദര്യം കൊണ്ടും ഫാഷൻ കൊണ്ടും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്ന ഒരു മലയരയ പെൺകുട്ടി എന്‍റെ ബിരുദപഠനകാലത്ത് കോളേജിലുണ്ടായിരുന്നു. ആദിവാസി എന്നതിനൊപ്പം കെ.എസ്.യുക്കാരിയും കൂടെ ആയതിനാൽ അവളെപ്പറ്റി ലൈംഗിക ഊഹകഥകൾ പ്രചരിച്ചുകൊണ്ടിരുന്നു. ഇത്തരം സമ്മർദ്ദങ്ങളുടെ ഫലമായിട്ടാവണം, ആ പെൺകുട്ടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

എറണാകുളം നഗരത്തെയും അതിന്‍റെ  പ്രാന്തപ്രദേശങ്ങളെയും അടയാളപ്പെടുത്താവുന്നത്, കീഴാള ബഹുജനകർതൃത്വത്തിന്‍റെ വിപുലമായ സാന്നിധ്യത്തിനൊപ്പം ‘കലർപ്പി’ന്‍റെ അല്ലെങ്കിൽ ‘ഉഭയത്വ’ത്തിന്‍റെ സാംസ്കാരിക വിവക്ഷകളിലൂടെയാണെന്ന് തോന്നുന്നു. മലയാള സിനിമാ വ്യവസായം മദ്രാസിലെ സ്റ്റുഡിയോകളിൽ നിന്ന് പിൻവാങ്ങി തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചത് എൺപതുകളുടെ മധ്യത്തോടെയാണ്. ഭാരതപ്പുഴയുടെ തീരത്തുള്ള തറവാടുകളെയും അവിടത്തെ സ്ത്രീപുരുഷന്മാരുടെ വീരാപദാനങ്ങളുമാണ് അത് കൂടുതലായി ആവിഷ്കരിച്ചത്. എന്നാൽ തൊണ്ണൂറുകളുടെ മധ്യത്തോടെ ഇത്തരം സിനിമകളുടെ സവർണപരത കുറെയൊക്കെ വെല്ലുവിളിക്കപ്പെടുക മാത്രമല്ല, പുതുസിനിമകളുടെ കേന്ദ്രം എറണാകുളത്തേക്ക് മാറുകയും ചെയ്തു. മിമിക്രി, ചിരി പടങ്ങളാണ് ഇതിനു തുടക്കംകുറിച്ചതെങ്കിലും ന്യൂ ജനറേഷൻ സിനിമാ പ്രവർത്തകരാണ് പിൽക്കാലത്ത് ഈ മാറ്റത്തെ ഭാവുകത്വപരമായി കൂടുതൽ ഉൾക്കൊണ്ടത്.
ഈ മാറ്റം യാദൃച്ഛികമായി സംഭവിച്ചതല്ല. പുത്തൻ സാമ്പത്തിക സമവാക്യങ്ങൾക്കും സാങ്കേതിക വിദ്യയുടെ വികാസത്തിനുമൊപ്പം പ്രാദേശികതയും കീഴാള സാമുദായികതയും പോപ്പുലർ കൾച്ചറിലേക്ക് കലർന്നതിന്‍റെയോ പകർന്നതിന്‍റെയോ പ്രതിഫലനമാണിത്.

വാമൊഴി സംസ്കാരം, നാടൻ പാട്ടുകൾ, ചവിട്ടുനാടകം, അമേച്വർ ചിത്രകല, നാടക ട്രൂപ്പുകൾ, ഭക്തിഗാനസംഘങ്ങൾ, ബാൻറ് സംഗീതം എന്നിങ്ങനെ വരേണ്യമല്ലാത്ത ബഹുജന സാംസ്കാരിക ധാരകളുടെ ശക്തമായ സാന്നിധ്യം എറണാകുളത്തിന് സവിശേഷമായുണ്ട്. അതിൽ തന്നെ പ്രാന്തീയ ക്രൈസ്തവതയുടെ സാംസ്കാരിക ധമനികൾ ഇനിയും വീണ്ടെടുക്കപ്പെടേണ്ടിയിരിക്കുന്നു.

കേരളത്തിലെ പോപ്പുലർ കൾച്ചറിന് ഗതിമാറ്റം സംഭവിച്ചതിൽ കൊച്ചിൻ കലാഭവനുള്ള പങ്ക് സുവിദിതമാണല്ലോ. ക്രൈസ്തവ പശ്ചാത്തലമുള്ള ഈ സ്ഥാപനമാണ് കലാഭവൻ മണി അടക്കമുള്ള കീഴാളപൊതുവ്യക്തിത്വങ്ങളുടെ രൂപവത്കരണത്തിന് സഹായകരമായത്. കേരളത്തിലെ പ്രമുഖ ചിത്രകാരനും ശിൽപിയും മുഖ്യധാരാ എഴുത്തുകാരനുമായിരുന്ന എം.വി. ദേവൻ രൂപവത്കരിച്ച സാംസ്കാരിക കേന്ദ്രമാണ് ‘കൊച്ചിൻ കലാപീഠം’. കാരിക്കാമുറിയിലുള്ള ഈ സ്ഥാപനം നിരവധി ചിത്ര –ശിൽപ പ്രദർശനങ്ങൾക്കൊപ്പം എം. ഗോവിന്ദൻ, ഡോ. കെ. അയ്യപ്പപ്പണിക്കർ മുതലായവരുടെ പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ സ്ഥാപനത്തിന്‍റെ എല്ലാമായിരുന്നു കലാധരൻ. തൊട്ടടുത്ത് തന്നെയാണ് ‘ചാവറ കൾച്ചറൽ സെൻറർ’. നല്ലൊരു ലൈബ്രറിക്കൊപ്പം ഈ സ്ഥാപനവും പ്രഭാഷണങ്ങളും സിനിമാ പ്രദർശനങ്ങളും നടത്തിയിരുന്നു. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് എറണാകുളത്ത് ചിറകുകൾ വെപ്പിച്ചത് ‘കൊച്ചിൻ ഫിലിം സൊസൈറ്റി’യാണ്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ദിനേശ് ബാബുവും സുഹൃത്തുക്കളുമാണ് അതിനെ പിച്ചവെച്ചു നടത്തി വലുതാക്കിയത്.

കേരളത്തിലെ മാർക്സിസ്റ്റ് ചിന്തയെ സമകാലികവത്കരിച്ചവരിൽ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒരാളാണ് ഡോ. ടി.കെ. രാമചന്ദ്രൻ. അദ്ദേഹത്തിന്‍റെയും സഹപ്രവർത്തകരുടെയും ശ്രമഫലമായി ഉണ്ടായ ‘നിള’ എന്ന പ്രസിദ്ധീകരണ സ്ഥാപനം ചിറ്റൂർ റോഡിലുള്ള അദ്ദേഹത്തിന്‍റെ വീടിനോട് അനുബന്ധിച്ചാണ് പ്രവർത്തിച്ചിരുന്നത്.  പ്രസ് ക്ലബ് റോഡിലുള്ള സി.ഐ.സി.സി ബുക്ക്സ്റ്റാൾ തുടങ്ങിയത് ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന ‘സമാധാനം’ പരമേശ്വരനാണ്. അദ്ദേഹത്തിന്‍റെ മകനും മഹാരാജാസിലെ പൂർവവിദ്യാർത്ഥിയുമായ ജയചന്ദ്രനാണ് അത് തുടർന്നു നടത്തിയത്. മുൻകാല എസ്.എഫ്.ഐക്കാരുടെ ഒരു സാംസ്ക്കാരിക വിനിമയ കേന്ദ്രമായി അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഫോർട്ടുകൊച്ചിയിലുണ്ടായിരുന്ന ‘പണിപ്പുര’ എന്ന സ്ഥാപനം ചിത്രകാരനായ മധുവിന്‍റെ മുൻകൈയിലാണ് രൂപവത്കരിച്ചത്.
പ്രസ് ക്ലബ് റോഡിൽ തന്നെ ഉണ്ടായിരുന്ന സി.എൽ. ബൈജുവിന്‍റെ ‘ചിത്രശാല’യും രവിപുരത്ത് പി.എ. ഉത്തമൻ നടത്തിയിരുന്ന ‘പ്രലോഗും’ ജനകീയ സാംസ്കാരിക വേദിയുടെ തകർച്ചക്കു ശേഷമുള്ള റാഡിക്കൽ ലെഫ്റ്റ് ആശയങ്ങളെ പാർട്ടി കേന്ദ്രീകൃതമല്ലാതെ ഉൾക്കൊണ്ടാണ് പ്രവർത്തിച്ചത്. ‘പ്രലോഗി’െൻറ ഉത്തമൻ ചേട്ടൻ ഇപ്പോഴും കീഴാള ബഹുജന പ്രസ്ഥാനങ്ങളുമായും നവമാധ്യമപ്രവർത്തനങ്ങളുമായും സജീവ ബന്ധം പുലർത്തുന്നുണ്ട്.

മേൽപ്പറഞ്ഞ എല്ലാ സാംസ്കാരിക സ്ഥാപനങ്ങളോടും വ്യക്തികളോടും ഊഷ്മളമായ സൗഹൃദമാണ് എനിക്കുണ്ടായിരുന്നത്. ഇതേസമയം, പിൽക്കാല ആശയവ്യക്തതയുമായി ബന്ധപ്പെട്ട് ദീർഘമായി സംസാരിച്ചിട്ടുള്ള മറ്റു പലരുമുണ്ട്. ഇവരിൽ ഏറ്റവും പ്രധാനപ്പെട്ട ആൾ അഡ്വ. എം. പ്രഭയാണ്. സഹോദരൻ അയ്യപ്പന്‍റെ കാഴ്ചപ്പാടുകളെ ജീവിതത്തിൽ പകർത്തിയിരുന്ന അദ്ദേഹം, അക്കാലത്തെ യുക്തിവാദപ്രസ്ഥാനത്തിന്‍റെ നേതാവുമായിരുന്നു. ശ്രീനാരായണഗുരുവിന്‍റെ ചിന്തകളെയും ഈഴവ നവോത്ഥാന മുന്നേറ്റങ്ങളുടെ അവർണപക്ഷത്തെയും പറ്റി കൂടുതൽ അറിയാൻ പ്രേരണ കിട്ടിയത് അദ്ദേഹവുമായുള്ള സംഭാഷണങ്ങളിലൂടെയാണ്. എം. പ്രഭയുടെ ഓഫീസിനോട് ചേർന്നാണ് ഉപഭോക്തൃ പ്രസ്ഥാനത്തിന്‍റെ മുൻനിര പേരുകാരായ അഡ്വ. ജോൺ ജോസഫും വിശ്വംഭരനും പ്രവർത്തിച്ചിരുന്നത്. എ.കെ. രവീന്ദ്രനുമായി ചേർന്ന് ‘സൂചന’ എന്നൊരു മാസികയും അവർ നടത്തുന്നുണ്ടായിരുന്നു.

എം.എ അവസാന വർഷമായപ്പോഴേക്കും, കല്ലറ സുകുമാരെൻറ നേതൃത്തിലുള്ള ദലിത് പ്രസ്ഥാനത്തിന്‍റെ യുവജന നേതാക്കളിൽ ഒരാളായ വേലപ്പൻ ഹോസ്റ്റലിൽ ചേർന്നു. അദ്ദേഹത്തിന്‍റെ മുറിയിൽ വരുമായിരുന്ന പോൾ ചിറക്കരോടുമായി അക്കാലത്ത് ദീർഘമായി സംസാരിച്ചിട്ടുണ്ട്.

ഒരു നഗരം മഹാനഗരമായി വികസിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയാണ്? പ്രാദേശിക തൊഴിൽവ്യവസ്ഥ അന്യവത്കരിക്കപ്പെടുകയും ഉപഭോഗവസ്തുക്കളുടെയും സംസ്കാരത്തിന്‍റെയും  വല വികസിക്കുകയും ചെയ്തു. പരമ്പരാഗതമായ കെട്ടിടനിർമ്മാണശൈലിയുടെ സ്ഥാനത്ത് ആഗോള മാതൃകയിലുള്ള പുതിയ എടുപ്പുകൾ രൂപപ്പെടുന്നു. സ്പീഡിന് എല്ലാത്തിനുമുപരിയായ മൂല്യലബ്ധി സമൂഹജീവിതത്തിലും കുടുംബങ്ങളിലും യാന്ത്രികത വർദ്ധിക്കുന്നു. നഗരത്തിലെ നടപ്പു ഇടങ്ങൾ ഇല്ലാതാകുന്നു. How modernity forgets എന്ന പുസ്തകത്തിൽ Paul Connerton എന്ന എഴുത്തുകാരൻ സൂചിപ്പിക്കുന്ന വസ്തുതകളാണിവ. ഇവക്കൊപ്പം ‘നഗര അപരിഷ്കൃതർ’ എന്ന പുതിയൊരു വിഭാഗം ഉയർന്നുവരുകയും ചെയ്യുന്നുണ്ടെന്നു തോന്നുന്നു. നഗരത്തിൽ നിന്ന് മഹാനഗരമായുള്ള കൊച്ചിയുടെ ഒഴുക്കിൽ ഇവയൊക്കെ കാണാൻ കഴിയും.

മാളുകൾക്കും ഫ്ലാറ്റുകൾക്കും മെേട്രാക്കും മുമ്പുള്ള എറണാകുളം നഗരത്തിലെ അരിക് ജീവിതത്തെ ഈ വിധത്തിൽ ഓർമ്മിക്കുന്നത്, ആ നഗരത്തോട് അന്നും ഇന്നും ഉള്ളിൽ സൂക്ഷിക്കുന്ന അഭിനിവേശംകൊണ്ട് തന്നെയാണെന്നു പറയാം. എങ്കിലും കേവലമായ അഭിനിവേശത്തിനുപരി, ഇന്ന് ഇന്ത്യയിലെയും ലോകത്തിലെയും പല മഹാനഗരങ്ങളിലും സാഹസികമായി ജീവിക്കുന്ന കീഴാള പശ്ചാത്തലമുള്ളവരും അല്ലാത്തവരുമായ നിരവധി ചെറുപ്പക്കാരെ എനിക്കു പരിചയമുണ്ട്. വ്യക്തിപരമായ ഓർമ്മ പുതുക്കലിന് അപ്പുറം അവരുമായും കൂടെ സംവദിക്കുന്ന വിധത്തിൽ, ഉത്തരാധുനികമായ ഒരു അനുഭവം പങ്കിടൽ എന്ന നിലയിലാണ് ഇത് എഴുതുന്നത്.

 


കുറു കുറെ ബ്രോസ് എന്ന വീഡിയോ ആല്‍ബം


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image