Image

സുഭാഷ് പാര്‍ക്ക് വൈകുന്നേരങ്ങളിലെ കടലുകള്‍ 1

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ വിദ്യാഭ്യാസവും ജീവിതവും കരുപ്പിടിപ്പിച്ച എറണാകുളം നഗരത്തിലെ കാഴ്ചകളും അനുഭവങ്ങളും കെ.കെ.ബാബുരാജ് എഴുതുന്നു. 
(മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചത്. മാധ്യമത്തിനോടു കടപ്പാട്.)

കൗമാരത്തിന്‍റെ വിലക്കുകൾ ഒഴിവായി പുതുലോകത്തേക്കും ഉടലിന്‍റെ ഇതേവരെ അറിയാത്ത മേഖലകളിലേക്കും തൃഷ്ണകളിലേക്കും കടന്നുവരുന്ന യുവത്വത്തിന് തുടക്കത്തിൽ ഉണ്ടാവുന്ന സന്ദിഗ്ധതകൾ പലതാണല്ലോ. പ്രശസ്തമായ പല ‘കമിങ് ഇൻ എയ്ജ്’ സിനിമകളും ഇത്തരം കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നവയാണ്. എന്‍റെ കുട്ടിക്കാലവും കൗമാരവും വയനാട്ടിലെ വാഴവറ്റ എന്ന നാട്ടിൻപുറത്തായിരുന്നു. അക്കാലത്തെ തൊടികളിലെ പൂവുകളും വിജനമായ നാട്ടുവഴികളും രാത്രികളിൽ കേൾക്കുന്ന കുറുക്കന്മാരുടെ ഓരിയിടലും ആദിവാസികളുടെ വീടുകളിൽ നിന്ന് മുഴങ്ങുന്ന ചെണ്ടയുടെ താളവും വളരെ ഇഷ്ടമായിരുന്നു. ഇവക്കൊപ്പം ചില പ്രത്യേക ആളുകളോടുള്ള അടുപ്പവും ഒഴിച്ചാൽ ആ നാടിനോട് എനിക്ക് ഗൃഹാതുരമായ ഒരു താൽപര്യവും തോന്നിയിട്ടില്ല. യഥാർത്ഥത്തിൽ കമിങ് ഇൻ എയ്ജ് സിനിമകളിലെ യുവജനങ്ങൾ അവരുടെ പഴയ ലോകം പോകണമെന്ന് എത്രമാത്രം ആഗ്രഹിച്ചിരുന്നുവോ, അതിനു തുല്യമായി വയനാട് വിട്ടുപോയി മറ്റെവിടെയെങ്കിലും ജീവിക്കാനാണ് മനസ്സുകൊണ്ട് കൊതിച്ചത്. ഇതിനുകാരണം, വയനാട് എന്ന പ്രദേശത്തോടുളള പ്രതിപത്തിയില്ലായ്മ ആയിരുന്നില്ല. മറിച്ച്, ഗ്രാമം വിട്ടു നഗരത്തിൽ ജീവിക്കാനുള്ള അഭിനിവേശമായിരുന്നു എന്നു തോന്നുന്നു.

എൺപതുകളുടെ തുടക്കത്തിലാണ് ഞാൻ മഹാരാജാസ് കോളേജിൽ ബി.എക്ക് ചേർന്നത്. എം.എയും അവിടെ തന്നെയായിരുന്നു. പഠനത്തിനു ശേഷം, കേരളത്തിലെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും അലഞ്ഞുതിരിഞ്ഞു ജീവിച്ചെങ്കിലും തൊണ്ണൂറുകളുടെ തുടക്കം വരെയും എറണാകുളത്ത് തന്നെയാണ് കൂടുതലും തങ്ങിയത്. അക്കാലത്തെ എറണാകുളം നഗരത്തെ പറ്റി ചില അനുഭവങ്ങളിലൂടെ എഴുതാനാണ് ശ്രമിക്കുന്നത്.

നഗരം: സ്ഥിരതാമസക്കാരുടെയും സന്ദർശകരുടെയും

ഒരു നഗരത്തെ പറ്റി പ്രതിപാദിക്കുമ്പോൾ, സാധാരണയായി രണ്ടു തരത്തിലുള്ള വർണനകളാണ് ഉണ്ടാവുകയെന്ന് ‘ഇസ്താംബുൾ’ പുസ്തകത്തിൽ ഓർഹൻ പാമുക് എഴുതിയിട്ടുണ്ട്. നഗരത്തിൽ ജനിച്ചുവളർന്ന ഒരാളുടെ കാഴ്ചയുടെ അടിസ്ഥാനത്തിലുള്ളതാണ് ഒന്ന്. മറ്റേത്, അവിടെ സന്ദർശകരായി എത്തുന്നവർ നൽകുന്ന വിവരണങ്ങളാണ്. ഇസ്താംബുൾ എന്ന മഹാനഗരത്തിൽ തലമുറകളായി താമസിക്കുന്ന ഒരു പ്രമുഖ കുടുംബത്തിലെ അംഗമെന്ന നിലയിലാണ് പാമുക് ആ പുസ്തകം എഴുതുന്നത്.
ഞാൻ മേൽപ്പറഞ്ഞ രണ്ട് രീതിയിലും എഴുതാൻ പറ്റുന്ന ആളല്ല. എറണാകുളത്ത് ജനിച്ചുവളർന്നതല്ല ഞാൻ. അതേ സമയം ഒരു സന്ദർശകൻ മാത്രവുമായിരുന്നില്ല. അതിനാൽ മറ്റു വിധത്തിൽ അതിനെപ്പറ്റി പ്രതിപാദിക്കാനാണ് ശ്രമിക്കുന്നത്.

ഇന്നത്തെ കൊച്ചി എന്ന അന്നത്തെ എറണാകുളം നഗരം കേരളത്തിന്‍റെ സാമ്പത്തിക തലസ്ഥാനം തന്നെയായിരുന്നെങ്കിലും, ആഗോളീകരണത്തിന് ശേഷമാണ് അതിന്‍റെ മുഖച്ഛായ മാറ്റിയ പുതിയ നിർമാണ ശൈലിയിലുള്ള കെട്ടിടങ്ങൾ ഉയരുന്നത്. അക്കാലത്ത് തെക്കേയിന്ത്യയിലെ ഏറ്റവും സുന്ദരവും തിരക്കൊഴിഞ്ഞതുമായ നഗരമായിരുന്നു ബാംഗ്ലൂർ. പലപ്പോഴും ബാംഗ്ലൂരുമായി എറണാകുളത്തെ ഞാൻ താരതമ്യം ചെയ്യുമായിരുന്നു. വിസ്തൃതവും ഇടുങ്ങിയ ഇടങ്ങൾ കുറച്ചുമാത്രവുമുള്ളതുമായ രണ്ട് നഗരങ്ങൾ എന്ന നിലയിലാണ് ഇവയെ രണ്ടിനെയും ഒത്തുചേർത്തത്.

എറണാകുളം പട്ടണം വലിയൊരു നഗരമാണെങ്കിലും അതിനകത്ത് ഫാക്ടറികൾ ഒന്നും ഇല്ലായിരുന്നു. നഗരകേന്ദ്രത്തിൽ നിന്നും പത്തോ ഇരുപതോ കിലോമീറ്ററുകൾ മാറി കരിമുകളിലും എലൂരിലും കളമശ്ശേരിയിലുമാണ് പ്രധാനപ്പെട്ട ഫാക്ടറികൾ ഉണ്ടായിരുന്നത്. അതിനാൽ കാര്യമായ അന്തരീക്ഷ മലിനീകരണമോ ജലമലിനീകരണമോ നഗരത്തെ ബാധിച്ചിരുന്നില്ല. എറണാകുളം നഗരത്തിൽ, ആധുനികോത്തര രീതിയിൽ രൂപകൽപന ചെയ്ത ആദ്യത്തെ കെട്ടിടം, ജി.സി.ഡി.എയുടെ ഓഫീസ് ആണെന്നു തോന്നുന്നു. അകവും പുറവും മനോഹരമായി ഡിസൈൻ ചെയ്തതും, നിറമുള്ള വലിയ ചില്ലു ജനാലകൾ വെച്ചതുമായ ആ കെട്ടിടം റോഡിൽ നിന്നും മതിയായ അകലം പാലിച്ചാണ് നിർമ്മിച്ചത്. വിശാലമായ പുൽത്തകിടിക്കും ഉദ്യാനത്തിനും മധ്യേ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശിൽപവും അതിനെ ആകർഷകമാക്കിയിരുന്നു.

കച്ചേരിപ്പടിയിലെ മൈമൂൺ, ലുലു തിയറ്റർ സമുച്ചയമാണ് പിന്നീട് കെട്ടിട നിർമാണത്തിൽ പുതുമ കൊണ്ടുവന്നത്. കുറച്ചുകൂടെ കഴിഞ്ഞ് സരിത, സംഗീത, സവിത തിയറ്ററുകൾ ആരംഭിച്ചു. മുകൾപ്പരപ്പിൽ കാർപാർക്കിങ് സൗകര്യമുള്ള ആദ്യത്തെ കെട്ടിടം അതായിരുന്നു എന്നു തോന്നുന്നു. അതേവരെ വെള്ളിത്തിര എന്ന സങ്കൽപമാണ് സിനിമാ സ്ക്രീനിന് ഉണ്ടായിരുന്നത്. സരിതയിൽ നാടക കർട്ടൻ മാറ്റുന്നതിന് സമാനമായി, സവിശേഷ സംഗീതത്തിന്‍റെ അകമ്പടിയോടെ വലിയ ഞൊറികളുള്ള തിരശ്ശീല ഉയരുന്നത് പുതുമയുള്ള അനുഭവമായിരുന്നു. അതിനുശേഷമാണ് ഷേണായീസ്, കവിത, ശ്രീധർ മുതലായ തിയറ്ററുകൾ പുതുക്കി പണിയുന്നത്.

ഇന്നത്തെ പോലുള്ള ഫ്ലാറ്റ് സംസ്കാരം ആരംഭിച്ചിരുന്നില്ലെങ്കിലും, ആദ്യത്തെ റെസിഡൻഷ്യൽ ഫ്ലാറ്റ് ഹൈക്കോടതി ജെട്ടിക്ക് സമീപത്ത് നാവികസേനയിലെ ഉദ്യോഗസ്ഥർക്ക് വേണ്ടി നിർമ്മിച്ചതാണെന്ന് തോന്നുന്നു. ആ കെട്ടിടവും സവിശേഷ രീതിയിലുള്ള നിർമ്മാണംകൊണ്ട് ശ്രദ്ധേയമായിരുന്നു. നഗരത്തിൽ വഴിയാത്രക്കാരായിരുന്നു കൂടുതലും. ഓട്ടോറിക്ഷകളുടെ പെരുപ്പം തുടങ്ങിയിരുന്നില്ല. എപ്പോഴും തിരക്കൊഴിയാത്ത ബസ് സർവ്വീസും ടാക്സിയായി ഓടുന്ന അംബാസിഡറുകളും ഒഴിച്ച് നഗരത്തിലെ സ്വകാര്യ കാറുകൾ കണ്ടാൽ വലിയൊരു സമ്പന്ന സമൂഹം അവിടെയുണ്ടെന്ന് മനസ്സിലാവും.

ഗവൺമെൻറ് ഓഫീസുകളുടെ സാന്നിധ്യം ഉണ്ടായിരുന്നത് ജില്ലാകോടതിയോട് ചേർന്നുള്ള കണയന്നൂർ താലൂക്ക് ഓഫീസ് പരിസരത്തും ലോ കോളജിനടുത്തുള്ള കൊച്ചി കോർപ്പറേഷൻ ഓഫീസുമായിരുന്നു. കാക്കനാട്ട് പുതിയ കെട്ടിടം പണിയുന്നതിന് മുമ്പ് ജില്ലാകോടതിയോട് ചേർന്നാണ് കലക്ടറേറ്റ് പ്രവർത്തിച്ചിരുന്നത്. ഹൈക്കോടതി ഇപ്പോഴത്തെ സ്ഥലത്ത് തന്നെയാണെങ്കിലും, പഴയ കെട്ടിടമായിരുന്നു.

എം.ജി റോഡിൽ ഇന്നത്തെ നിലയിൽ വിസ്തൃതി വർദ്ധിപ്പിക്കുന്നതിന് മുമ്പ് ഇരുവശങ്ങളിലും വലിയ തണൽ മരങ്ങൾ ഉണ്ടായിരുന്നു. നഗരകേന്ദ്രം എന്നു പറയാവുന്നത് ജോസ് ജംങ്ഷനാണ്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിന്‍റെയും റെയിൽവേ സ്റ്റേഷന്‍റെയും പരിസരത്ത് നിരവധി പെട്ടിക്കടകൾ ഉണ്ടായിരുന്നു. ഇവയിൽ നിറയെ മാഗസിനുകൾ തൂങ്ങിക്കിടക്കുന്നുണ്ടാവും. അക്കാലത്തെ എല്ലാ സമാന്തര മാസികകളും ‘റാഡിക്കൽ ലെഫ്റ്റ്’ പ്രസിദ്ധീകരണങ്ങളും കിട്ടുന്ന സ്ഥലം, ബോട്ടുജെട്ടിയിലെ സുഭാഷ് ബുക്ക്സ്റ്റാളാണ്. ഇന്നും പരിമിതികളോടെ ആ സ്ഥാപനം അവിടെയുണ്ട്.

നഗരത്തിലെ ഹോട്ടലുകളിൽ ബിരിയാണി, ചിക്കൻ മുതലായ ഭക്ഷണ വിഭവങ്ങൾ സുലഭമായി കിട്ടാൻ തുടങ്ങിയിരുന്നില്ല. പുട്ട്, കടല, മസാല ദോശ, അപ്പം, ഊൺ, മീൻകറി മുതലായ പരമ്പരാഗത വിഭവങ്ങൾക്കൊപ്പം ബീഫും സാർവ്വത്രികമായിരുന്നു. ചുരുക്കം ചില ബാറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മുക്കിലും മൂലയിലും ചാരായക്കടകൾ സുലഭമായിരുന്നു. ബ്രോഡ് വേയും മാർക്കറ്റും ഇപ്പോഴത്തെ പോലെ തന്നെ സജീവമായിരുന്നു. മറൈൻ ഡ്രൈവ് എന്ന സംവിധാനം നിലവിൽ വന്നത് തൊണ്ണൂറുകളുടെ തുടക്കത്തിൽ എപ്പോഴോ ആണ്. പനമ്പിള്ളി നഗർ എന്ന സമ്പന്നരുടെ ആവാസകേന്ദ്രം പ്രാധാന്യം നേടുന്നതും ഇതേ കാലത്താണ്.

ഇതര സംസ്ഥാന തൊഴിലാളികൾ ഇന്നത്തെപോലെ വിപുലമായിരുന്നില്ലെങ്കിലും, തമിഴ്നാട്ടിൽനിന്നും കർണ്ണാടകയിൽ നിന്നും വന്ന ആൾക്കാർ ഹോട്ടൽ ജോലിക്കാരായും ചെറുകിട കച്ചവടക്കാരായും അന്നും ഉണ്ടായിരുന്നു. ബിസിനസ് ആവശ്യത്തിന് അല്ലാതെ വരുന്ന അന്തർ സംസ്ഥാന സന്ദർശകർ വളരെ കുറവായിരുന്നു. വിദേശ സഞ്ചാരികൾ കൂടുതലും എത്തിയിരുന്നത് ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലാണ്. എങ്കിലും കേരളത്തിലെ മറ്റേതൊരു നഗരത്തിലും കൂടുതൽ വിദേശ സഞ്ചാരികളെ എറണാകുളത്ത് കാണാൻ കഴിയുമായിരുന്നു. നഗരത്തിൽ സ്ഥിരതാമസക്കാരായി നിരവധി ഗുജറാത്തി, കൊങ്ങിണി ബ്രാഹ്മണ കുടുംബങ്ങൾ പണ്ടേ തന്നെയുണ്ട്. അവർക്ക് ഇടയിൽ അന്നും ആർ.എസ്.എസിന് നല്ല സ്വാധീനമുണ്ടായിരുന്നു.

കാമ്പസുകളിലെ ആൺകുട്ടികളുടെ വേഷം കൂടുതലും മുണ്ടും ഷർട്ടും വള്ളിച്ചെരിപ്പുമാണ്. പാൻറും ഷൂസും പുതിയ തരത്തിലുള്ള ചെരിപ്പുകളും അത്ര കുറവായിരുന്നു എന്നു പറയാനും പറ്റില്ല. പെൺകുട്ടികൾക്കിടയിൽ ചുരിദാർ, മിഡി, ടോപ്പ് മുതലായ വസ്ത്രങ്ങൾക്ക് പ്രിയമേറിവരികയായിരുന്നു. മുതിർന്ന ക്ലാസുകളിലെ പെൺകുട്ടികൾ കൂടുതലും സാരിയാണ് ധരിച്ചിരുന്നത്. ഹിപ്പിയിസത്തിന്‍റെ അലയൊടികൾ നിലച്ചെങ്കിലും, ചില ആൺകുട്ടികൾ അപ്പോഴും മുടിയും താടിയും നീട്ടി വളർത്തുകയും അലക്ഷ്യമായി വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എൺപതുകളുടെ മധ്യത്തിൽ എപ്പോഴോ പെൺകുട്ടികളുടെ ഫാഷൻ വസ്ത്രമായ ‘മിനിസ്കർട്ട്’ കാമ്പസുകളിൽനിന്നും നഗരത്തിൽനിന്നും അപ്രത്യക്ഷമായി.

വിഷാദവും വിഹ്വലതകളും

ഒരിക്കൽ കൂടെ ഓർഹൻ പാമുക്കിന്‍റെ ഇസ്താംബുൾ എന്ന പുസ്തകത്തിലേക്ക് തന്നെ പോവുകയാണ്. വിഷാദം പ്രദാനം ചെയ്യുന്ന ഒരിടമായിട്ടാണ് അദ്ദേഹം ആ നഗരത്തെ കാണുന്നത്. വളരെ ചെറുപ്പം മുതലേ അതീവ പ്രതിഭാശേഷി പ്രകടിപ്പിച്ചിരുന്ന ഒരാൾ എന്ന നിലയിൽ ഇസ്താംബുളിൽ അദ്ദേഹം അനുഭവിച്ച വിഷാദത്തിന് അതീത മാനങ്ങളാണുള്ളത്. ഒരുപക്ഷേ– അദ്ദേഹത്തിന്‍റെ സർഗപ്രപഞ്ചം തന്നെ വിഷാദത്തിൽ നിന്നും രൂപപ്പെടുന്നതാവാം.

എറണാകുളം നഗരം എന്നെ സംബന്ധിച്ചും വിഷാദത്തിലേക്ക് എടുത്തെറിയുന്ന ഒരിടമായിരുന്നു. ഈ വിഷാദത്തിന്‍റെ കാരണമെന്താണെന്നോ, അത് എങ്ങനെ ഉണ്ടാവുന്നു എന്നു പറയാനോ ഞാൻ അശക്തനാണ്. അതിനാൽ വിഷാദത്തിനൊപ്പം, യുവത്വത്തിന്‍റെ സന്ദിഗ്ദതകളെ കുറിച്ചുമാണ് എഴുതാൻ ശ്രമിക്കുന്നത്.
അകാരണമായി മനസ്സിനെ ഗ്രസിക്കാറുള്ള വിഷാദത്തിലേക്ക് അതിന്‍റെ ഭാഗമായുള്ള വിഹ്വലതകളിലേക്ക് എടുത്തെറിയപ്പെടുന്ന പോലുള്ള അവസ്ഥ ഉണ്ടാവാറുള്ളത്, സന്ധ്യകളിലും കടലിന്‍റെ/ കായലിന്‍റെ സാന്നിധ്യത്തിലുമാണ്.

വൈകുന്നേരങ്ങളിൽ സുഭാഷ് പാർക്കിന്‍റെ അങ്ങേയറ്റത്ത് ഏറ്റവും നന്നായി കടൽ /കായൽ കാണാവുന്ന സ്ഥലത്ത് ഇരിക്കുമ്പോൾ, സന്ധ്യക്ക് കനം കൂടുന്നതിനൊപ്പം എന്നിൽ വിഷാദം നിറയാൻ തുടങ്ങും. വിദൂരതയിൽ നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകളും മീൻപിടിത്തക്കാർ ചെറുതോണികൾ തുഴഞ്ഞുപോകുന്നതും കടൽപക്ഷികളുടെ കൂട്ടങ്ങൾ ചക്രവാളത്തിൽ പറന്നുമായുന്നതും എനിക്ക് പ്രകൃതി പ്രതിഭാസങ്ങൾ കാണുക എന്നതിനപ്പുറം മറ്റെന്തോ ആയിരുന്നു.

ഈ അവസ്ഥയിൽ, സിൻബാദിൻറ ദുരിതയാത്രകൾ, ഒഡീസിയസിന്‍റെ കപ്പൽ സഞ്ചാരങ്ങൾ, ദസ്തയേവിസ്കിയുടെയും  ബൽസാക്കിന്‍റെയും മോപ്പസാങ്ങിന്‍റെയും ചാൾസ് ഡിക്കൻസിന്‍റെയും ഏകാന്ത കഥാപാത്രങ്ങളുടെ പ്രതിസന്ധി കഴിഞ്ഞ ജീവിതാനുഭവങ്ങൾ മനസ്സിലേക്ക് ഇരമ്പിക്കയറിവരും. ഭൂഖണ്ഡങ്ങൾക്ക് അപ്പുറമുള്ള മനുഷ്യസഞ്ചാരങ്ങളെപ്പറ്റി, മൺമറഞ്ഞതും ഇപ്പോഴും നിലനിൽക്കുന്നതുമായ സംസ്കാരങ്ങളുടെ ഒഴുക്കിനെപ്പറ്റിയുള്ള വിഷാദമൂകമായ ചിന്തകൾ ശരീരത്തെ അടിപ്പെടുത്തുന്നതായി അനുഭവപ്പെടും. ഇന്നും; സന്ധ്യകളിൽ ഏത് നഗരത്തിലെ കടൽത്തീരത്ത് ചെന്നാലും അതേ വിഷാദത്തിനും വിഹ്വലതകൾക്കും ഞാൻ അടിപ്പെടാറുണ്ട്.

സന്ധ്യ കൂടുതൽ കനക്കുകയും കടലിന്‍റെ ദൃശ്യത മറ്റൊന്നായി മാറുകയും ചെയ്യുന്നതോടെ മൂടിക്കെട്ടിയ മനസ്സോടെ ന്യൂഹോസ്റ്റലിലേക്ക് തിരിച്ചു നടക്കാനാരംഭിക്കും. കടന്നുപോകുന്ന ഹോസ്പിറ്റൽ റോഡി ഇരുവശങ്ങളിലുള്ള മരങ്ങളിൽ ആയിരക്കണക്കിന് പക്ഷികൾ ചേക്കേറിയിട്ടുണ്ടാവും. അവയുടെ ചിലയ്ക്കലും ചിറകടി ശബ്ദവും എന്‍റെ വിഹ്വലതകളെ ഇരട്ടിപ്പിക്കും. ധൃതിയിൽ നടന്നുപോകുന്ന യാത്രക്കാരും വാഹനങ്ങളും നിറഞ്ഞൊഴുകുന്ന വഴിത്താര. ഇരുവശങ്ങളിലും വലിയ കെട്ടിടങ്ങളും വൻമരങ്ങളും. മുകളിൽ പക്ഷികളുടെ താവളം. തൊട്ടടുത്ത് കടലിന്‍റെ ഇരമ്പൽ. ഇവക്കിടയിലൂടെ സന്ധ്യയുടെ ഓരം ചേർന്ന്, നാഗരികതയുടെ ഒഴുക്കിനെ പറ്റി ചിന്തിച്ചുകൊണ്ടു നടക്കുന്ന ഒരു വ്യക്തിയുടെ സ്വകാര്യലോകം– ഇത് ഗ്രാമജീവിതത്തിൽ അസാധ്യമായതിനാലാണ് ഞാൻ നഗരത്തെ സ്നേഹിച്ചിരുന്നതെന്ന് തോന്നുന്നു.

ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിൽ നിന്ന് വരുകയും പരമ്പരാഗതമല്ലാത്ത ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആൾക്കാരെ സംബന്ധിച്ചിടത്തോളം; ജാതിയെ വിസ്മരിക്കാനും പുതിയ സാധ്യതകൾ കണ്ടെത്താനും പറ്റുന്ന ഇടം എന്ന നിലയിലാണ് നഗരങ്ങൾ വിവക്ഷിക്കപ്പെടുന്നത്. മേൽപറഞ്ഞ അതേ ജീവിത പശ്ചാത്തലമുള്ള ഒരാൾ എന്ന നിലയിൽ നഗരജീവിതത്തിലൂടെ ജാതിയെ വിസ്മരിക്കാൻ ഞാനും ആഗ്രഹിച്ചിരിക്കാം. എങ്കിലും, വിസ്മൃതിക്ക് ഉപരിയായി പുതുഭാവനകളെ ഉൾക്കൊള്ളാനും അറിവിന്‍റെ ഉറവകൾ തേടാനും അന്തർബോധത്തിന്‍റെ ആഴം കൂട്ടാനും അപരിചിതത്വങ്ങളെ അഭിമുഖീകരിക്കാനുമാണ് നഗരജീവിതം എനിക്ക് പ്രാപ്തി തന്നതെന്നു കരുതുന്നു.

നഗരത്തിലെ സന്ധ്യകൾ വിഷാദവും വിഹ്വലതകളുമാണ് നൽകിയതെങ്കിൽ, പ്രഭാതങ്ങൾ ചൈതന്യപൂർണമായ ഉണർവുകളാണ് പ്രദാനം ചെയ്യുന്നത്. യഥാർത്ഥത്തിൽ ഒരു നഗരത്തിന്‍റെ ഒഴുക്കിന്‍റെ, സജീവതയുടെ മറ്റൊരു മുഖം കാണണമെങ്കിൽ അതിരാവിലെ അതിന്‍റെ രാജവീഥികളിലൂടെയും ഊടുവഴികളിലൂടെയും സഞ്ചരിക്കേണ്ടതുണ്ട്. രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നു വായിച്ചതിനു ശേഷം, നാലുമണിയൊക്കെ കഴിയുമ്പോൾ നടക്കാനിറങ്ങും. അപ്പോഴാണ് നഗരമെന്നത് തിരക്കും വാണിജ്യവും മാത്രമല്ലെന്ന് മനസ്സിലാവുക. എറണാകുളത്തെ പ്രാന്തപ്രദേശങ്ങളിലെ ദ്വീപുകളിൽ നിന്നും തുരുത്തുകളിൽ നിന്നും അതിരാവിലെ ബോട്ടിൽ വന്നിറങ്ങി ഹോട്ടലുകളിലും മറ്റും ജോലിക്ക് വരുന്നവർ. നഗരത്തിന് പുറത്തുള്ള ഫാക്ടറികളിലേക്ക് പ്രഭാത ഷിഫ്റ്റിന് പോകുന്നവർ. പത്രവിതരണക്കാർ. സൈക്കിളിൽ പാല് കൊണ്ടുവരുന്നവർ. രാത്രിയിലെ ഇടപാടുകൾക്ക് ശേഷം ആദ്യത്തെ ബസ് കിട്ടാൻ സ്റ്റാൻറുകളിൽ കാത്തുനിൽക്കുന്ന ലൈംഗിക തൊഴിലാളി സ്ത്രീകൾ– ഇവരെല്ലാം നഗരം ഉണരുന്നതിന് മുമ്പേ അതിനെ സജീവമാക്കും. ഇവരെ കാണുന്നതും ചിലപ്പോഴൊക്കെ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നതും എന്നെ സംബന്ധിച്ച് വല്ലാതെ ഉണർവും ആത്മവിശ്വാസവുമാണ് നൽകിയിരുന്നത്.

ബെർതോൾഡ് ബ്രെഹ്തിന്‍റെ  ‘ഗുഡ് വുമൺ ഓഫ് സ്വെറ്റ്സ്വാൻ’ എന്നൊരു നാടകമുണ്ട്. അതിൽ ലൈംഗിക തൊഴിലാളിയായ ഷെൻ–റ്റേ എന്ന കഥാപാത്രം, ഒരു തൊഴിലില്ലാത്ത യുവാവുമായി താൽക്കാലിക പ്രണയത്തിലാവുന്നു. പീക്കിങ് നഗരത്തിലൂടെ അതിരാവിലെ പ്രണയപാരവശ്യത്തോടെ നടന്നുവരുന്ന അവൾക്ക് പതിവ് തെരുവ് കാഴ്ചകൾ മറ്റൊന്നായി അനുഭവപ്പെടുകയാണ്. നഗരത്തിലെ പ്രഭാതത്തെ പറ്റിയുള്ള നാടകത്തിലെ ഈ ഭാഗങ്ങൾ എന്നെ ഒരുപാട് ആകർഷിച്ചിട്ടുണ്ട്. നഗരത്തിലെ ആഘോഷ ദിനങ്ങൾ– ഓണക്കാലം, ക്രിസ്മസ്, പുതുവൽസര പിറവി, ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങളും പെരുന്നാളുകളും– ആനന്ദഭരിതമായിട്ടാണ് ഉൾക്കൊണ്ടത്.

ബാലചന്ദ്രൻ ചുള്ളിക്കാട്

നഗരത്തിലൂടെയുള്ള ചുറ്റിനടത്തം പലപ്പോഴും സഹമുറിയനും അന്നേ വലിയ കവിയുമായിരുന്ന ബാലചന്ദ്രൻ ചുള്ളിക്കാടുമായിട്ടാണ്. അദ്ദേഹവുമായി കുറച്ചു മാസങ്ങൾ നീണ്ടുനിന്ന സഹവാസം എന്‍റെ രണ്ടു വലിയ തെറ്റിദ്ധാരണകൾ മാറ്റാൻ സഹായകരമായി. ഒന്ന്, ശങ്കരാചാര്യരുടെ ‘ആനന്ദലഹരി’ എഴുത്തച്ഛന്‍റെ ‘ഹരിനാമകീർത്തനം’ കുമാരനാശാന്‍റെ ‘നളിനി’, ‘പ്രരോദനം’ മുതലായ കൃതികൾ ഞാൻ വായിച്ചതിൽ നിന്നും വ്യത്യസ്തമായി അവയുടെ ദാർശനിക മാനങ്ങൾ ഉൾക്കൊണ്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ കൃതികളെല്ലാം അന്നേ അദ്ദേഹത്തിന് മനഃപാഠമാണ്. മലയാളത്തിലെ ക്ലാസിക്കുകളും അല്ലാത്തതുമായ കവിതകൾ ബാലചന്ദ്രന്‍റെ  സ്ഫുടവും പ്രൗഢവുമായ ശബ്ദസാന്നിധ്യത്തിലൂടെ കേൾക്കുക എന്നത് വലിയ ഒരനുഭവം തന്നെയാണ്. രണ്ടാമത്തെ കാര്യം, അക്കാലത്ത് ഞാനും കവിതകളെഴുതുകയും ചില വിദേശ കവിതകൾ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുമുണ്ടായിരുന്നു. ബാലചന്ദ്രൻ മുറിയിൽ താമസിക്കാൻ വന്ന ആദ്യ ദിനങ്ങളിൽ തന്നെ കവിതയെഴുത്തെന്ന പടുവിഡ്ഢിത്തം മേലിൽ ചെയ്യില്ലെന്ന് എനിക്ക് തീരുമാനിക്കാൻ കഴിഞ്ഞു.
രാത്രി ചായ കുടിക്കാൻ മിക്കവാറും പോയിരുന്നത് കൊളംബോ ജങ്ഷനിലുള്ള ഹോട്ടലിലാണ്. അങ്ങോട്ട് നടക്കുന്ന വഴിയിൽ ലൈംഗിക തൊഴിലാളി സ്ത്രീകളും അവർക്ക് ഇടപാടുകാരെ ഒപ്പിച്ചു കൊടുക്കുന്ന സഹായികളും നിരനിരയായി നിൽക്കുന്നുണ്ടാവും. ബസ്സ്റ്റാന്‍റിന്‍റെയും റെയിൽവേ സ്റ്റേഷന്‍റെയും അടുത്തുള്ള ചില ലോഡ്ജുകൾ ചെറിയ ബ്രോത്തലുകൾ പോലെയാണ് പ്രവർത്തിച്ചിരുന്നത്. അന്നത്തെ കോസ്മോപൊളിറ്റന്‍ ഹോസ്റ്റലിന്‍റെ പരിസരം കുറെയൊക്കെ വിജനമാണ്. ആൺ ഹോമോസെക്ഷ്വലുകളുടെ താവളമായിരുന്നു ആ പ്രദേശം.

അക്കാലത്ത്, ലൈംഗികത വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും ദൃശ്യത കൂടുതലായിരുന്നു. പൊതുസമൂഹത്തിന് ഇന്നത്തെ സ്ഥിതിവെച്ചു നോക്കുമ്പോൾ, അവരോടുള്ള ‘അപരവെറുപ്പ്’ കുറവായിരുന്നു. പൊലീസും ക്രൂരമായി മർദ്ദിച്ചൊതുക്കിയിരുന്നില്ല. ലോ കോളജ് ഹോസ്റ്റലിന്‍റെ വളപ്പിനകത്ത് അതിക്രമങ്ങൾ ഉണ്ടാകാത്തവിധം ലൈംഗിക തൊഴിലാളി സ്ത്രീകൾക്ക് വിദ്യാർഥികൾ വേണ്ട സഹായങ്ങൾ നൽകിയിരുന്നു. രാത്രി ചുറ്റിനടക്കുന്ന ചെറുപ്പക്കാരുടെ മേൽ ഇപ്പോഴുള്ളത്രയും കർശനമായ പൊലീസിങ് ഇല്ലായിരുന്നു. സഞ്ചരിക്കുകയോ തെരുവിൽ കൂട്ടംകൂടിനിന്ന് സംസാരിക്കുകയോ ചെയ്താൽ വല്ലപ്പോഴും പൊലീസ് വണ്ടി നിർത്തി തെറിവിളിക്കുമെങ്കിലും, ഭയങ്കര കുറ്റവാളികളെ പോലെ രാത്രി സഞ്ചാരികളെ ശിക്ഷിക്കുന്നത് അപൂർവമായിരുന്നു.

സന്ദിഗ്ധതകൾ

യുവത്വത്തിന് വ്യവസ്ഥാപിത സമൂഹം കാര്യമായ പരിഗണനയും ലാളനയും കൊടുക്കുന്നുണ്ടെന്നത് വസ്തുതയാണ്. എങ്കിലും, ഒതുങ്ങാത്തതും പിഴച്ചുപോകാൻ സാധ്യതയുള്ളവരുമാണെന്ന കണക്കുകൂട്ടലിൽ നിരന്തരമായ നിയന്ത്രണം ആവശ്യമുള്ളതായും കരുതുന്നു. അതിനാലാണ് കലാലയങ്ങൾ, പാഠപുസ്തകങ്ങൾ എന്നിവ വിജ്ഞാനം പകർന്നു നൽകുന്നതിനുപരി ശിക്ഷണത്തിനുള്ള ഉപാധികളായും നിലനിൽക്കുന്നത്. മാമൂൽ ധാരണകളിൽ നിന്നും കുതറിമാറാൻ യുവത്വത്തിന് സഹജവാസനയുണ്ട്. പരമ്പരാഗതമല്ലാത്ത ആശയങ്ങളിലേക്കും സംഘം ചേരലുകളിലേക്കും പുത്തൻ വസ്ത്രധാരണങ്ങളിലേക്കും ശാരീരികമായ അലങ്കാരങ്ങളിലേക്കും ആദ്യം കടന്നുവരുക യുവജനങ്ങളാണ്. വ്യവസ്ഥാപിതത്വത്തിന് എതിരെയുള്ള ഈ ഒഴുക്കുമൂലം പലപ്പോഴും ധിക്കാരത്തിന്‍റെയോ ഭ്രാന്തിന്‍റെയോ രൂപകങ്ങളിലൂടെയാവും യുവത്വത്തെ പൊതുസമൂഹം കാണുക.

നവീനമായ ആശയങ്ങൾക്കും വസ്ത്രധാരണങ്ങൾക്കുമൊപ്പം പലതരത്തിലുള്ള ‘ഉപസംസ്കാര’ങ്ങളും കേരളത്തിൽ ആദ്യം എത്തുന്ന കാമ്പസുകളാണ് എറണാകുളം നഗരത്തിലുള്ളത്. പുരോഗമന ചിന്തയുടെ പേരിലല്ലെങ്കിലും ഫാഷന്‍റെറയും മോഡലിങ്ങിന്‍റെയും പോപ്പുലർ കൾച്ചറിലേക്കുള്ള കടന്നുവരവിന്‍റെയും കാര്യത്തിൽ സെന്‍റ് തെരേസാസ് കോളജ് അന്നും ഇന്നും കേരളത്തിൽ തന്നെ പ്രശസ്തമാണ്. മഹാരാജാസ് കോളജിൽ; പ്രത്യേകിച്ചും ഞാൻ പഠിച്ചിരുന്ന ഫിലോസഫി വിഭാഗത്തിൽ ഹാജർ പുസ്തകമോ സെമസ്റ്റർ സമ്പ്രദായമോ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ ക്ലാസിൽ വരുന്നതും പോകുന്നതും തോന്നുംപടിയാണ്.

എൺപതുകളുടെ മധ്യത്തോടെ കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തിൽ എസ്.എഫ്.ഐ യുടെ രണ്ടാംഘട്ട വളർച്ചയുണ്ടായി എന്നു പറയാം. ലെഫ്റ്റ് റാഡിക്കൽ മൂവ്മെന്‍റിന്‍റെ പരാജയം മാർക്സിസ്റ്റ് പാർട്ടിക്ക് എന്ന പോലെ അവരുടെ വിദ്യാർഥി സംഘടനക്കും അജയ്യശക്തിയായി മാറാനുള്ള അവസരമൊരുക്കി. അതേവരെ മഹാരാജാസിൽ ശക്തമായ സാന്നിധ്യമുണ്ടായിരുന്നത് കെ.എസ്.യുവാണ്. അവരെ ചിട്ടയായ സംഘടനാ പ്രവർത്തനത്തിലൂടെയും ഒരു പരിധിവരെ കായികമായും ആക്രമിച്ചു കീഴ്പ്പെടുത്തുക മാത്രമല്ല, തലപൊക്കാൻ പറ്റാത്ത വിധത്തിൽ തറപറ്റിക്കാനും എസ്.എഫ്.ഐക്ക് കഴിഞ്ഞു. ഉദിച്ചുയരുന്ന എസ്.എഫ്.ഐയും തകർന്നടിയുന്ന കെ.എസ്.യുവും എന്ന അവസ്ഥയിലാണ് ഞാൻ മഹാരാജാസിൽ എത്തുന്നത്. അഡ്മിഷൻ സമയത്ത്, ചില എസ്.എഫ്.ഐ. നേതാക്കളോട് തർക്കിച്ചതിന്‍റെ  പേരിൽ എന്നെയും സുഹൃത്തായ കെ.കെ. സുരേന്ദ്രനെയും രാത്രി ഹോസ്റ്റൽ മുറിയിൽ വെച്ച് ഭീകരമായി മർദ്ദിക്കുകയുണ്ടായി. ഏതോ നക്സൽ വിദ്യാർഥിസംഘടനയുടെ യൂണിറ്റ് സ്ഥാപിക്കാൻ വന്നവരാണെന്ന തെറ്റിദ്ധാരണയിലാണ് മർദ്ദിച്ചത്.

യഥാർഥത്തിൽ എനിക്ക് തർക്കമുണ്ടായിരുന്നത് എസ്.എഫ്.ഐക്കാരോടോ മാർക്സിസ്റ്റുകാരോടോ അല്ലായിരുന്നു. എന്‍റെ സന്ദേഹം മാർക്സിസത്തെ പറ്റി തന്നെയായിരുന്നു. അക്കാലത്ത് ഞാൻ മാർക്സിസ്റ്റ് ക്ലാസിക്കുകൾ പരമാവധി വായിക്കുന്നുണ്ടായിരുന്നു. എന്നാൽ വയനാട്ടിലെ കുടിയേറ്റ ജീവിതത്തിനിടയിൽ തിരിച്ചറിഞ്ഞ ആദിവാസി ജീവിതാവസ്ഥകളെയോ കോട്ടയത്തെ ദലിത് അവസ്ഥകളെയോ മാർക്സിസത്തിന് ഉൾക്കൊള്ളാനാവുമോ എന്ന സന്ദേഹം ശക്തമായിരുന്നു.

കൂടാതെ, സോവിയറ്റ് റഷ്യയിലേയും പൂർവ യൂറോപ്യൻ നാടുകളിലേയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ഏകാധിപത്യ വാഴ്ചയെപ്പറ്റി കുറെയൊക്കെ മനസ്സിലാക്കിയിരുന്നു. അൽപം താൽപര്യം തോന്നിയതാകട്ടെ, മാവോ സെ തുങ്ങിന്‍റെ ചിന്തകളോടും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോടുമാണ്. ഇതേ സമയം, ശ്രീലങ്കയിലെ മാവോയിസ്റ്റ് വിദ്യാർത്ഥി കലാപത്തെ അടിച്ചമർത്താൻ ചൈനീസ് ഭരണകൂടം റെഡ് ആർമിയെ അയച്ചത് വലിയ ഞെട്ടലുണ്ടാക്കി. എൺപതുകളുടെ അവസാനം, ടിയാനൻമെൻ സ്ക്വയറിൽ ഒത്തുചേർന്ന വിദ്യാർഥികളുടെ മേൽ ടാങ്കുകൾ കയറ്റി ചതച്ചരച്ച സംഭവം, മാവോവാദത്തോടുള്ള പ്രതിപത്തി അവസാനിക്കാൻ കാരണമായി. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഞാൻ അക്കാലത്ത് വായിക്കാൻ ആരംഭിച്ച ആഫ്രോ–അമേരിക്കൻ സാഹിത്യത്തിലും ഫെമിനിസ്റ്റ് കൃതികളിലും ഇന്ത്യയിലെ ദലിത് എഴുത്തുകളിലും മാർക്സിസ്റ്റ് യുട്ടോപ്യകൾ വിദൂര പ്രതീക്ഷ പോലുമാകാതെ അസ്തമിക്കപ്പെടുകയായിരുന്നു എന്നതാണ്.

ഇത്തരത്തിലുള്ള വൈജ്ഞാനിക–രാഷ്ട്രീയ സന്ദിഗ്ധതകൾ പുലർത്തിയിരുന്ന ഒരാൾക്ക് മഹാരാജാസ് കോളജ് അപകട സ്ഥലമാണെന്ന് പറയേണ്ടതില്ലല്ലോ. എസ്.എഫ്.ഐ. ക്കാരുടെ ഭീഷണിയും ഒറ്റപ്പെടുത്തലും എല്ലാ നിലയിലും അനുഭവിച്ചിരുന്ന എനിക്ക് സ്വരക്ഷയെ കരുതി കെ.എസ്.യുവിൽ അഭയം പ്രാപിക്കാനും കഴിയില്ലായിരുന്നു.

 

രണ്ടാം ഭാഗം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 


കുറു കുറെ ബ്രോസ് എന്ന വീഡിയോ ആല്‍ബം


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image